കൊച്ചി: മത്സ്യങ്ങളും ചെമ്മീനുകളും ഉള്‍പ്പടെയുള്ള ജലജീവികളെ ജലമില്ലാതെ ജീവനോടെ കൊണ്ടുപോകുന്നതിനുള്ള നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് കൊച്ചിയിലെ ഐസിഎആര്‍-സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (ഐസിഎആര്‍- സിഫ്റ്റ്).
ഈ സാങ്കേതികവിദ്യക്ക് ഇന്ത്യന്‍ പേറ്റന്റ് ലഭിച്ചു. പരമ്പരാഗത ജലാധിഷ്ഠിത ഗതാഗത സംവിധാനങ്ങള്‍ക്കും നിലവിലുള്ള ജലരഹിത ഗതാഗത സംവിധാനങ്ങള്‍ക്കും ബദലായി ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യയാണിത്.
ജലജീവികളെ ജലരഹിതമായി ജീവനോടെ കൊണ്ടുപോകുന്നതിനുള്ള സംവിധാനവും അനുബന്ധ രീതിയും എന്നപേരിലുള്ള ഈ സാങ്കേതികവിദ്യ, പരമ്പരാഗത രീതികളിലെ വിവിധ വെല്ലുവിളികള്‍ക്കു പരിഹാരമാണ്.
കുറഞ്ഞ ചെലവിലും വൈദ്യുതി ഉപയോഗത്തിലും ജലജീവികളെ ജീവനോടെ കൊണ്ടുപോകാന്‍ കഴിയുന്ന സുസ്ഥിരവും പരിസ്ഥിതിസൗഹൃദവുമായ സംവിധാനമാണ് ഈ പുതിയ സാങ്കേതികവിദ്യ.
നിയന്ത്രിതമായ ഉയര്‍ന്ന മര്‍ദവും താഴ്ന്ന താപനിലയും ഉപയോഗിച്ചാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ജലജീവികളെ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക സൗകര്യങ്ങളോടുകൂടിയ ഇന്‍സുലേറ്റഡ് കണ്ടെയ്നറും ആവശ്യമായ ഉപകരണങ്ങളും സംവിധാനത്തിന്റെ ഭാഗമാണ്.
ഓക്സിജന്‍, ഈര്‍പ്പം, താപനില തുടങ്ങിയ ഘടകങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കാനുള്ള സംവിധാനം ഇതിലുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച പരിധികളുമായി തത്സമയ വിവരങ്ങള്‍ താരതമ്യം ചെയ്യുകയും ആവശ്യമായ പരിധിയില്‍നിന്ന് വ്യതിചലനം ഉണ്ടായാല്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ഈ സംവിധാനം മാന്വല്‍, ഓട്ടോമാറ്റിക് രീതികളിൽ പ്രവര്‍ത്തിപ്പിക്കാം.